ഡോ . ജേസൺ ഫങ്

ഡോക്ടർമാർ പല കാര്യങ്ങളിലും വിദഗ്‌ധരാണ്. ഒരു രോഗത്തിന് എന്ത് മരുന്ന് നിർദേശിക്കണം എന്ന കാര്യത്തിൽ ? അതെ. എങ്ങിനെ ശസ്ത്രക്രിയ ചെയ്യണം എന്നതിൽ ? അതെ. ആഹാര ക്രമീകരണവും ഭാരം കുറക്കലും എന്ന കാര്യത്തിൽ ? തീർച്ചയായും ഇല്ല.

എന്നെപ്പോലുള്ള  വളരെ കാലത്തെ പ്രവർത്തി പരിചയമുള്ള ഡോക്ടർമാർ ഇങ്ങനെ സമ്മതിക്കുമ്പോൾ നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും. എന്നാൽ അതാണ് യാഥാർഥ്യം.

മെഡിക്കൽ സ്കൂളുകളിൽ പത്തോ ഇരുപതോ മണിക്കൂറുകൾ മാത്രമാണ് ന്യൂട്രിഷൻ എന്ന വിഷയം പഠിപ്പിക്കുന്നത്. അത് തന്നെ യഥാർത്ഥത്തിൽ ആഹാരക്രമീകരണമോ ശരീരഭാരം കുറക്കുന്നതിനെ കുറിച്ചോ അല്ല താനും.

വിറ്റാമിൻ  – കെ എങ്ങിനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത്  തുടങ്ങിയ കാര്യങ്ങളാണ് ആ വിഷയവുമായി ബന്ധപ്പെട്ടു  പഠിപ്പിക്കുന്നത്. വിറ്റാമിൻ – സി കുറഞ്ഞാലുണ്ടാകുന്ന സ്കർവി തുടങ്ങിയ രോഗങ്ങളെ കുറിച്ചാണ് അതിലെ വിശദീകരണം. തീർച്ചയായും സ്കർവിയെ കുറിച്ച് പഠിച്ചാൽ അത് പരീക്ഷക്ക്‌ ഉപകാരപ്പെടും. പക്ഷെ എൻ്റെ പ്രാക്റ്റീസിൽ എനിക്ക് ഒരിക്കൽ പോലും അത്തരം ഒരു രോഗിയെ കണ്ടു മുട്ടേണ്ടി വന്നിട്ടില്ല. കാരണം ഞാൻ ഈ ആധുനിക കാലഘട്ടത്തിലാണ് ചികിത്സ നടത്തുന്നത്, കരീബിയൻ കടലിലെ കൊള്ളക്കാരെയല്ല.

എന്നാൽ മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇപ്പോഴും നുട്രീഷനെ കുറിച്ച്  പഠിപ്പിക്കുന്നത് ഇതൊക്കെ തന്നെയാണ്. യഥാർത്ഥത്തിലുള്ള ആഹാരക്രമീകരണം സംബന്ധിച്ചുള്ള യാതൊരു അറിവും അതിൽ നിന്ന് ലഭ്യമല്ല.

ജനങ്ങൾക്ക്  അറിയേണ്ടത് അന്നജം എത്ര കഴിക്കണം, കൊഴുപ്പ് എത്ര, മാംസ്യം എത്ര തുടങ്ങിയ കാര്യങ്ങളാണ്. പഞ്ചസാര നല്ലതാണോ,  എത്ര പ്രാവശ്യം ഭക്ഷണം കഴിക്കണം, എങ്ങിനെയാണ് ഭാരം കുറക്കേണ്ടത് തുടങ്ങിയവ. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും നിലവിലുള്ള  വൈദ്യശാസ്ത്ര പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അവിടെ പഠിപ്പിക്കുന്ന വിദഗ്‌ദരായ ഡോക്ടർമാർക്കും പ്രോഫെസ്സർമാർക്കും ഒന്നും അവയൊന്നും ഗൗരവമുള്ള വിഷയങ്ങളല്ല. കാനഡ ഫുഡ് ഗൈഡും അമേരിക്കൻ ഡയറ്ററി ഗൈഡ് ലൈൻസും  വായിക്കാനാണ് അവർ നിർദേശിക്കുന്നത്.

ഒരു ഹെൽത്ത് ക്ലബ്ബിൽ നിന്നോ ജിമ്‌നേഷ്യത്തിൽ നിന്നോ ലഭിക്കുന്ന അറിവ് പോലും ഈ വിഷയത്തിൽ മെഡിക്കൽ സ്‌കൂളിൽ നിന്ന് ലഭിക്കുന്നില്ല.  അതിനാൽ തന്നെ ആഹാരക്രമീകരണവും ദുർമേദസ്സുമൊന്നും ഡോക്ടർമാർ കൈകാര്യം ചെയ്യേണ്ടുന്ന വിഷയങ്ങളല്ല എന്ന് വിശ്വസിക്കാനാണ്‌ അവിടെ നിന്ന് പഠിച്ചിറങ്ങുന്നവർ പരിശീലിക്കപ്പെട്ടത്. വൈദ്യ വിദ്യാർഥികൾ തങ്ങളുടെ അധ്യാ പകരെയാണ് മാതൃകയാക്കുന്നത്. എന്നാൽ  ആ അധ്യാപകരാണെങ്കിൽ ഇക്കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കാൻ പോലും ശ്രമിക്കാത്തവരാണ്.

ഇവിടെയാണ് ഏറ്റവും വലിയ വൈരുധ്യം നിലനിൽക്കുന്നത്. എല്ലാ ഡോക്ടർമാർക്കും അറിയാവുന്ന കാര്യമാണ് പൊണ്ണത്തടിയാണ് പ്രമേഹം തുടങ്ങി മറ്റനേകം മെറ്റബോളിക് രോഗങ്ങളുടെ അടിസ്ഥാന കാരണമെന്ന്. ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക രോഗങ്ങൾ, കാൻസർ തുടങ്ങിയവ ഇതിലൂടെ കടന്നു വരും എന്നും അവർക്കറിയാം. ശരീരഭാരം കുറക്കേണ്ടത് അത്യാവശ്യമാണെന്ന് അവർക്കറിയാമെങ്കിലും അതെങ്ങിനെ എന്നതിനെ കുറിച്ച് അവർ ഒട്ടും ബോധവാൻമാരല്ല . എന്താണ് ഭക്ഷിക്കേണ്ടത്, ഒഴിവാക്കേണ്ടത് എന്ന് അവർക്കറിയില്ല.

ഒരു സാധാരണ ബുദ്ധിയുള്ള ഒരാൾ ഇങ്ങിനെയാണ്‌ ചിന്തിക്കുക.

  1. ശരീരഭാരം കൂടുന്നതും പൊണ്ണത്തടിയുമാണ്  പ്രമേഹം മുതൽ ഹൃദ്രോഗം വരെ ഉണ്ടാകാനുള്ള കാരണം.
  2. അപ്പോൾ ഭാരം കുറക്കാൻ എന്താണ് ചെയ്യേണ്ടത്?

എന്നാൽ ഒരു ഡോക്ടർ ചിന്തിക്കുന്നത് ഇപ്രകാരമാണ്.

  1. ശരീരഭാരം കൂടുന്നതും പൊണ്ണത്തടിയുമാണ്  പ്രമേഹം മുതൽ ഹൃദ്രോഗം വരെ ഉണ്ടാകാനുള്ള കാരണം.
  2. ഒരാൾക്ക് ഹൃദ്രോഗമുണ്ടായാൽ അയാൾക്ക്‌ ഞാൻ എന്ത് മരുന്ന് / ശസ്ത്രക്രിയയാണ് നൽകേണ്ടത്?

ഇത് വായിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തോന്നുന്ന ആ കാര്യമുണ്ടല്ലോ, അത് ഒട്ടും തെറ്റല്ല.

പൊണ്ണത്തടിയും മെറ്റബോളിക് രോഗങ്ങളും ജനങ്ങളുടെ  ആരോഗ്യത്തെ എത്രത്തോളം അപകടത്തിൽ ആക്കിയിട്ടുണ്ടെന്നു എല്ലാ ഡോക്ടർമാർക്കും അറിയാം. എന്നാൽ ഇതെങ്ങിനെ പരിഹരിക്കാമെന്ന് ഒരു മെഡിക്കൽ സ്കൂളിലും പഠിപ്പിക്കുന്നുമില്ല.

ഭാരം കുറയ്ക്കണമെന്ന് ഡോക്ടർമാർ രോഗികളോട്‌ പറയാറുണ്ട്. പക്ഷെ എങ്ങിനെ എന്ന് പറയാറില്ല.

ഭാരം കുറക്കുന്നതിനെ കുറിച്ച്  മെഡിക്കൽ സ്‌കൂളിൽ ആകെക്കൂടി പറയുന്നത് കോസ്മോപോളിറ്റൻ മാസികയിൽ പറയുന്നതിൽ കൂടുതലൊന്നുമല്ല. “കുറച്ചു തിന്നുക, ധാരാളം വ്യായാമം ചെയ്യുക “,  ദിവസത്തിൽ 500 കലോറി കുറച്ചു കഴിക്കുക, ആഴ്ചയിൽ ഒരു റാത്തൽ ഭാരം കുറയും തുടങ്ങിയ ഉപദേശങ്ങൾ.

ശ്വാസകോശ ക്യാൻസറിന്‌ ഒരു മരുന്ന് കണ്ടു പിടിച്ചു എന്ന് പറഞ്ഞാൽ എല്ലാ ഡോക്ടർമാരും ചോദിക്കും, അത് ഫലപ്രദമാണോ എന്ന്. എന്നാൽ  ശരീരഭാരം കുറക്കാൻ ഈ കലോറി ചുരുക്കൽ പരിപാടി ഫലപ്രദമാണോ എന്ന് ആരെങ്കിലും ഉറക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ടോ?

നമുക്കറിയാം, കഴിഞ്ഞ 50 വർഷമായി ഈ കലോറി ചുരുക്കൽ പരിപാടി ധാരാളം പേർ പരീക്ഷിച്ചിട്ടുണ്ടെന്നും ഫലം നാസ്തിയാണെന്നും.

കലോറി ചുരുക്കിയാൽ ഭാരം കുറക്കാൻ പറ്റുമോയെന്നു പരീക്ഷിക്കാൻ  ധാരാളം പഠനങ്ങൾ ലോകത്തു നടന്നിട്ടുണ്ട്. എല്ലാം പരാജയമായിരുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ തങ്ങളുടെ ജീവിതത്തിലും ഇത് പരീക്ഷിച്ചു പരാജയപ്പെട്ടിട്ടുണ്ട്.  1% പോലും ഫലപ്രാപ്തിയില്ലാത്ത ഈ ഉപദേശം എന്തിനാണ് ഡോക്ടർമാർ രോഗികൾക്ക് നൽകുന്നത്?

അതിലും സങ്കടകരമായ കാര്യം എന്താണെന്നു വെച്ചാൽ, ഈ ഉപദേശം ലഭിച്ച ഒരു രോഗി  ഭാരം കുറഞ്ഞില്ല എന്ന പരാതി പറഞ്ഞു ഡോക്ടറുടെ അടുത്തു തിരിച്ചു വന്നാൽ ഡോക്ടർ അയാളെ കുറ്റപ്പെടുത്തുകയാണ് പതിവ്. നിങ്ങൾ അളവിൽ കൂടുതൽ ഭക്ഷണം കഴിച്ചു, വ്യായാമം ചെയ്യുന്നില്ല തുടങ്ങി.  ഡോക്ടറുടെ ഉപദേശമാണ് തെറ്റ് എന്ന് പറയുന്നതിനേക്കാൾ എളുപ്പമാണല്ലോ രോഗിയെ ചീത്ത പറയൽ.

ചുരുക്കത്തിൽ ഡോക്ടർമാർക്ക് ശരീരഭാരം കുറക്കുന്നതിനെ കുറിച്ച് ഒന്നും അറിയില്ല. കാരണം അവരത് പഠിച്ചില്ല. അവരത് പഠിക്കേണ്ടതില്ല എന്നാണ് അവർ പഠിച്ചത്.

ഡോക്ടറോട് ഭാരം കുറക്കുന്നതിനെ കുറിച്ച് ചോദിക്കാനോ? അയ്യേ, പ്ലംബറെ കൊണ്ടാണോ പല്ലെടുപ്പിക്കുന്നത്?

കാര്യങ്ങൾ ഇങ്ങിനെ പോയാൽ ശരിയാവില്ല. ജനങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. വൈദ്യ വിദ്യാഭ്യാസത്തിൽ diet and nutrition നെ കുറിച്ച് കൂടുതൽ പഠിപ്പിക്കേണ്ടതുണ്ട്. ശരീരഭാരം കൂടുന്നതിന്റെയും കുറയുന്നതിന്റെയും ശാസ്ത്രം അവരറിയണം. പൊണ്ണത്തടിയും ഹോർമോണുകളും തമ്മിലുള്ള ബന്ധം അവരറിയണം. ഇതൊരു കലോറി പ്രശ്നമല്ല എന്ന അറിവ് അവർക്കു ലഭിക്കണം.Leave a Reply

Your email address will not be published. Required fields are marked *