ഡോ . ജേസൺ ഫങ് 

ഡോ. ജേസൺ ഫങ്‌

Dr. Jason Fung, Nephrologist, Canada

 

പലരും ചോദിക്കാറുണ്ട് , താങ്കൾ  ജീവകങ്ങളും അനുബന്ധമരുന്നുകളും രോഗികൾക്ക് നിർദ്ദേശിക്കാറുണ്ടോ എന്ന്. വളരെ നീണ്ട കാലയളവിൽ ഉപവസിക്കുന്ന ചിലർക്ക് ചിലപ്പോൾ മൾട്ടി വിറ്റാമിനുകൾ നിർദേശിക്കാറുണ്ട് , അവ ഉപകാരപ്രദമല്ലായെന്നറിഞ്ഞിട്ടും. എല്ലാ വിറ്റാമിനുകളും നിഷ്പ്രയോജനകരമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വിറ്റാമിൻ  B പോലുള്ളവ ചിലപ്പോൾ  അപകടകരവുമാണ്. വിറ്റാമിൻ ഗുളികകൾ ഒരു കാലത്ത് വളരെ നല്ലതാണെന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടും , കുറച്ചു കഴിയുമ്പോൾ അത് ദോഷകരമാണെന്ന് കണ്ടെത്തും.

1960 കളിൽ വിറ്റാമിൻ  C ആയിരുന്നു താരം. ലിനസ് പോളിംഗ് (Linus Pauling) എന്ന ശാസ്ത്രജ്ഞൻ പങ്കു വെക്കപ്പെടാത്ത രണ്ടു നോബൽ പ്രൈസ് ലഭിച്ച ആളാണ്. ഒന്ന് രസതന്ത്രത്തിലും ഒന്ന് സമാധാനത്തിനും. ആധുനിക കാലത്തെ പോഷക സംബന്ധിയായ എല്ലാ രോഗങ്ങൾക്കും പരിഹാരം വിറ്റാമിൻ C   ആണെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിച്ചിരുന്നു. കൂടിയ അളവിലുള്ള വിറ്റാമിൻ C കഴിച്ചാൽ ജലദോഷം, വൈറൽ പനി തുടങ്ങി കാൻസർ വരെ പ്രതിരോധിക്കാനും സുഖപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 75 % അർബുദങ്ങളും വിറ്റാമിൻ C ധാരാളം കഴിച്ചാൽ സുഖപ്പെടുത്താൻ സാധിക്കുമെന്ന് അദ്ദേഹം നിർദേശിക്കുന്നു.  അമിതമായ ശുഭാപ്തിവിശ്വാസം മാത്രമായിരുന്നു അത്. അതിനു ശേഷം ദശാബ്ദങ്ങളായി നടന്ന പഠനങ്ങളിലെല്ലാം വ്യക്തമായത്, വിറ്റാമിൻ C യെക്കുറിച്ചുള്ള അവകാശവാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നായിരുന്നു. scurvy എന്ന രോഗത്തിന് മാത്രമേ ഇത് ഉപകാരപ്പെടുന്നുള്ളൂ എന്നും അറിയാൻ കഴിഞ്ഞു.

vitamins and supplements

അടുത്ത അവതാരം വിറ്റാമിൻ E ആയിരുന്നു. അതൊരു anti oxidant ആണെന്നായിരുന്നു പ്രധാന അവകാശവാദം. രക്തധമനികൾക്കു നാശമുണ്ടാക്കുന്ന free radicals നെ വിറ്റാമിൻ E ഇല്ലാതാക്കുമെന്നായിരുന്നു വാദം. ഇത് കഴിച്ചാൽ ഹൃദ്രോഗമുണ്ടാകില്ലെന്നായിരുന്നു നമ്മോടു പറഞ്ഞിരുന്നത്.  ഹൃദ്രോഗചികിത്സക്ക് ഉപയോഗിക്കുന്ന ACEI മരുന്നുകളെ കുറിച്ച് നടത്തിയ HOPE trial എന്ന പഠനത്തിൽ വിറ്റാമിൻ E ക്കു ഹൃദ്രോഗം തടയുന്നതിനുള്ള പങ്കിനെ കുറിച്ചും പഠിച്ചിരുന്നു. ഫലം നാസ്തി. വിറ്റാമിൻ E ഹൃദ്രോഗങ്ങളെയോ സ്‌ട്രോക്കിനെയോ തടഞ്ഞില്ല എന്ന് മാത്രമല്ല അത് ഉപയോഗിച്ചവരിലായിരുന്നു കൂടുതൽ മരണങ്ങൾ സംഭവിച്ചത്. വിറ്റാമിൻ C യെപ്പോലെ  വിറ്റാമിൻ E യും മറ്റൊരു പരാജയമായിരുന്നു.

അടുത്തത് വിറ്റാമിൻ B യുടെ അവസരമായിരുന്നു. 2000 നു ശേഷം homocysteine എന്ന രക്തപരിശോധന വളരെ പ്രചാരം നേടി. homocysteine രക്തത്തിൽ വർധിക്കുന്നത് ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു എന്നതാണ് കാരണം. വിറ്റാമിൻ B , homocysteine ൻ്റെ അളവ് കുറയ്ക്കുന്നതായി കണ്ടു.എന്നാൽ  അതുകൊണ്ടു രോഗത്തെ തടയുന്നുണ്ടോ എന്നത് വ്യക്തമല്ലായിരുന്നു. ധാരാളം പഠനങ്ങൾ ഇതിന്നായി നടന്നു . അതിൽ ഏറ്റവും പ്രധാനം NORVIT trial ആയിരുന്നു. ഇതിൻ്റെ ഫലം 2006 ലെ New England Journal of Medicine ൽ പ്രസിദ്ധീ കരിച്ചിട്ടുണ്ട്.  folate, B6, B12 എന്നിവ കഴിച്ചവരിൽ കഴിക്കാത്തവരെ അപേക്ഷിച്ചു ഹൃദ്രോഗങ്ങളും സ്‌ട്രോക്കും കൂടുതലായിരുന്നു.അതെ, വിറ്റാമിൻ ആരോഗ്യം വർധിപ്പിക്കുകയല്ല , കുറയ്ക്കുകയാണ്.

ഇവിടം കൊണ്ട് അവസാനിക്കുന്നില്ല കാര്യങ്ങൾ. 2009 ലെ രണ്ടു പഠനങ്ങൾ തെളിയിച്ചത് വിറ്റാമിൻ B കാൻസർ സാധ്യത 21% വർധിപ്പിക്കുന്നു എന്നും കാൻസർ മരണങ്ങൾ 38% വർധിപ്പിക്കുന്നുവെന്നുമായിരുന്നു. ഉപകാരമില്ലാത്ത വിറ്റാമിൻ ഗുളികകൾ കഴിക്കുന്നത്  അവിടെ നിൽക്കട്ടെ, അവ ഉപദ്രവകാരികൾ കൂടെയാണെങ്കിലോ?

വൃക്കരോഗങ്ങൾക്കു വിറ്റാമിൻ B ഗുണകരമാണോ എന്നൊരു പഠനം നടന്നിരുന്നു. DIVINE study എന്നറിയപ്പെടുന്ന ഇതിൽ വൃക്കരോഗികളിൽ Homocysteine വളരെ കൂടുതൽ കാണപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അവർക്കു വിറ്റാമിൻ B കൊടുത്തുവെങ്കിലും കൊടുക്കാത്തവരെ അപേക്ഷിച്ചു അവരിൽ രോഗം ഇരട്ടിയായി വർധിക്കുകയായിരുന്നു. വിറ്റാമിൻ B യുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി. 10 വർഷത്തെ ഗവേഷണങ്ങൾക്ക് ചിലവാക്കിയ പണമെല്ലാം ആവിയായിപ്പോയി.

ഏറ്റവും വലിയ ദുരന്തമെന്തെന്നാൽ നമ്മളിപ്പോഴും  ഈ തെറ്റുകൾ ആവർത്തിച്ചു കൊണ്ടിരിക്കയാണ്. ഗോതമ്പു മാവിലെ എല്ലാ നല്ല പോഷകങ്ങളും ഒഴിവാക്കി അതിൽ വിറ്റാമിൻ B യും ഇരുമ്പുസത്തും ധാരാളം ചേർക്കുന്നു. ജനങ്ങൾ ബെറി ബെറി, അനീമിയ പോലുള്ള രോഗങ്ങളെ കുറിച്ചാണ് പേടിക്കുന്നത്. എന്നാൽ വിറ്റാമിൻ B കൂടുന്നത് കാരണം ഹൃദ്രോഗവും കാൻസറും വർധിക്കുന്നുണ്ട് എന്നവർക്ക് അറിയില്ല.

ഗർഭസ്ഥ ശിശുവിൽ തലച്ചോറും   സുഷുമ്‌നാ കാണ്ഡവും ഉണ്ടായിവരുന്ന  ഒരു ഒഴിഞ്ഞ സ്ഥലമുണ്ട്. neural tube എന്ന  ഇതിൻ്റെ വളർച്ചക്ക് വിറ്റാമിൻ B അനിവാര്യമാണ്. കോശങ്ങളുടെ വളർച്ചക്ക് ഇത് ആവശ്യമാണ്.അതിനാൽ ഗർഭകാലത്തും  ശൈശവസ്ഥയിലും നമുക്കാവശ്യമുള്ളതാണ് വിറ്റാമിൻ B.

എന്നാൽ പൂർണവളർച്ചയെത്തിയ ഒരാളെ സംബന്ധിച്ച് കാര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്. അമിത വളർച്ച നല്ലതല്ല. കാൻസർ കോശങ്ങളാണ് കൂടുതൽ വേഗത്തിൽ വളരുന്നത്. അതിനാൽ അവ വിറ്റാമിൻ B ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നു.ആരോഗ്യമുള്ള കോശങ്ങൾക്ക് അമിതവളർച്ച നല്ലതല്ല.   അത് scarring, fibrosis തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുന്നു. ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗം ഇവ വർധിക്കാൻ കാരണമതാണ്. രക്തക്കുഴലുകളിലെ പ്ലാക്കുകളാണല്ലോ ഇവക്കെല്ലാം കാരണം. fibrosis ഇതെല്ലം ഗുരുതരമാക്കുന്നു.

ഇനി കാൽസ്യത്തിന്റെ    കാര്യമെടുക്കാം. അസ്ഥിക്ഷയത്തിന്നു എത്രയോ കാലങ്ങളായി നാം കാൽസ്യം കഴിക്കാൻ നിർദേശിക്കുന്നു.  എല്ലുകളിൽ ധാരാളം കാൽസ്യമുണ്ടു എന്ന് നമുക്കറിയാമായിരുന്നു. അപ്പോൾ കാൽസ്യം കൂടുതൽ കഴിച്ചാൽ എല്ലിന് ബലം  കൂടും എന്നൊരു ചിന്തയായിരുന്നു അതിനു പിന്നിൽ. ഒരു മൂന്നാം ക്ലാസ് വിദ്യാർത്ഥി അങ്ങനെ ചിന്തിച്ചാൽ കുഴപ്പമില്ല. എന്നാൽ സത്യമതല്ല. അങ്ങിനെയായിരുന്നെകിൽ ധാരാളം തലച്ചോർ ഭക്ഷിച്ചാൽ നമ്മുടെ ബുദ്ധിവർധിക്കണം. കിഡ്നി ഭക്ഷിക്കുന്നവൻ്റെ കിഡ്‌നിയുടെ ആരോഗ്യം വർധിക്കണം . ശരിയല്ലേ… എന്തായാലും ഇത്തരം ബാലിശമായ യുക്തികളാണ് കഴിഞ്ഞ 50 വർഷം നമ്മെ നയിച്ചത്.

പ്രമാണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ള ഒരു ചികിത്സ രീതിയാണ് നമ്മൾ പിൻപറ്റുന്നതെന്നു നമ്മൾ നടിക്കുന്നു.നിലവിലുള്ള ഒരു സങ്കൽപ്പങ്ങൾക്കും നമുക്ക് തെളിവുകൾ .വേണ്ട. എന്നാൽ   മറിച്ചൊരു കാര്യം പറഞ്ഞാൽ നമുക്ക് തെളിവുകൾ വേണം. അങ്ങനയാണെല്ലോ വെപ്പ്. ആയിക്കോട്ടെ. കാൽസ്യം ഗുളികകളുടെ പ്രയോജനത്തെ കുറിച്ചുള്ള ഒരു പഠനം 2006 ൽ പുറത്തു വന്നു. The Women’s Health Initiative, 36000 സ്ത്രീകളിൽ പകുതിപേരിൽ കാൽസ്യവും പകുതി പേരിൽ പ്ലാസിബോയും കൊടുത്തു 7 വർഷം  അവരെ നിരീക്ഷിച്ചപ്പോൾ ലഭിച്ച ഫലങ്ങൾ ഇങ്ങിനെയായിരുന്നു.

ഈ രണ്ടു വിഭാഗങ്ങളിലും അസ്ഥിഭംഗത്തിൻ്റെ  കാര്യത്തിലോ എല്ലു സംബന്ധമായ രോഗങ്ങളിലോ യാതൊരു വ്യത്യാസവും കാണാൻ സാധിച്ചിച്ചില്ല. അതെ, കാൽസ്യം ഗുളികൾക്കു ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു വ്യത്യാസവും ഉണ്ടാക്കാൻ കഴിഞ്ഞില്ല.

അല്ലല്ല, വ്യത്യാസമുണ്ടാക്കി. കാൽസ്യം കഴിച്ചവരിൽ ധാരാളം പേർക്ക് കിഡ്‌നി കല്ലുണ്ടായി,  പോരെ?

 എന്താണ് ഇത്തരം വിറ്റാമിനുകളും അനുബന്ധങ്ങളും നമുക്ക് ഒരു ഗുണവും ചെയ്യാത്തത്? എന്തു കൊണ്ടാണ്  അവ ഉപദ്രവകാരികളാവുന്നത് ? ഉത്തരം വളരെ ലളിതമാണ്. രോഗങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടുപിടിച്ചു ചികിൽ സി ക്കുകയാണ് വേണ്ടത്. ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന രോഗങ്ങൾ – അമിതവണ്ണം, T2 പ്രമേഹം, അസ്ഥിക്ഷയം, ഹൃദ്രോഗം, സ്‌ട്രോക്ക് ,കാൻസർ ഇവയൊന്നും വിറ്റാമിൻ കുറവുകൊണ്ടു ഉണ്ടാകുന്ന രോഗങ്ങളല്ല. വിറ്റാമിൻ കുറവുകൊണ്ടുണ്ടാകുന്ന രോഗങ്ങളല്ലെങ്കിൽ പിന്നെ വിറ്റാമിൻ ഗുളിക കൊടുത്താലെങ്ങിനെ സുഖപ്പെടും?

ഒരു ഉദാഹരണമെടുക്കാം. നമ്മുടെ കാർ എൻജിൻ കേടായി നിന്ന് പോയി എന്നു കരുതുക. നമ്മളാലോചിക്കുകയാണ്;  അന്നൊരിക്കൽ പെട്രോൾ കഴിഞ്ഞപ്പോൾ  വണ്ടി നിന്നിരുന്നു.അത് കൊണ്ട് ഞാൻ കുറച്ചു പെട്രോൾ ഒഴിച്ച് നോക്കട്ടെ. എന്താ കാര്യം? ഒരു രക്ഷയുമുണ്ടാകില്ല. എൻജിൻ നന്നാക്കാതെ കുറെ പെട്രോൾ അടിച്ചാൽ വണ്ടി പോകുമോ?

സ്കർവി, ബെറി ബെറി , ഓസ്റ്റിയോ മലസിയ തുടങ്ങിയ രോഗങ്ങൾ വിറ്റാമിൻ കുറവ് കൊണ്ടുണ്ടാകുന്നവയാണ്. അവക്ക് വിറ്റാമിൻ ഗുളികകൾ പ്രയോജനപ്പെട്ടേക്കാം. അമിതവണ്ണത്തിന് വിറ്റാമിൻ ഗുളികകളും മറ്റും കഴിച്ചിട്ട് എന്ത് കാര്യം? പോഷക കുറവുകൊണ്ടല്ലാത്ത ഒരു രോഗത്തിന് ഞാനെന്തിന് പോഷക മരുന്നുകൾ നിർദേശിക്കണം? പക്ഷെ ഭാരം കുറയാൻ  വേണ്ടി പലതരം മരുന്നുകൾ പലരും നിങ്ങളോടു നിർദേശിക്കാറുണ്ട്. കച്ചവടം മാത്രമാണത്തിൻ്റെ രഹസ്യം.

ഭാരം കുറക്കാൻ ഞാനെന്തു ഭക്ഷണമാണ് കഴിക്കേണ്ടത്, എന്ത് suppliment ആണ് എടുക്കേണ്ടത് എന്ന് നിങ്ങൾ ചോദിക്കുകയാണെങ്കിൽ എനിക്ക് പറയാനുള്ളത് നിങ്ങൾ തെറ്റായ ചോദ്യമാണ് ചോദിച്ചിരിക്കുന്നത് എന്നാണ്. ഞാനെന്തൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്, എന്തൊക്കെ suppliment കളാണ് കഴിക്കാതിരിക്കേണ്ടത് എന്നാണ് നിങ്ങൾ ചോദിക്കേണ്ട ശരിയായ ചോദ്യം.

ആദ്യത്തെ ചോദ്യത്തെ അപേക്ഷിച്ചു രണ്ടാമത്തെ ചോദ്യത്തിൽ കച്ചവടമില്ല എന്നതാണ് പ്രശ്നം.


0 Comments

Leave a Reply

Avatar placeholder

Your email address will not be published.