ഡോക്ടർ ജോർജിയ എഡി MD

Dr. Georgia Ede, MD

മരിലാന്റിലെ ബെഥേസ് ഡേയിൽ 2017 ലെ വേനലിൽ നടന്ന ISNPR (International Society for Nutritional Psychiatry Research) conference ൽ പങ്കെടുക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. മനോരോഗചികിത്സയിൽ ഭക്ഷണക്രമീകരണങ്ങൾക്കു വലിയ പങ്കു വഹിക്കാനുണ്ടെന്നു വിശ്വസിക്കുന്ന എന്നെപ്പോലുള്ളവർക്കു ആവേശവും ഉത്തേജനവും നൽകുന്നതായിരുന്നു ഈ സമ്മേളനം.

യോഗത്തിലെ പ്രധാനവിഷയങ്ങളും ചർച്ചകളും ഒമേഗ-3 , മൈക്രോ ബയോം, ജീവകങ്ങൾ,മെഡിറ്ററേനിയൻ ഡയറ്റ് എന്നിവയായിരുന്നെങ്കിലും കീറ്റോജിനിക് ഡയറ്റിനെക്കുറിച്ചും വളരെ ഉപകാരപ്രദമായ അവതരണങ്ങൾ ഉണ്ടായി. വളരെ കുറഞ്ഞ അന്നജങ്ങൾ അടങ്ങിയ ഭക്ഷണരീതിയായ കീറ്റോജിനിക് ഡയറ്റ് അപസ്മാരചികിത്സയിൽ ഒരുനൂറ്റാണ്ടായി പ്രയോഗിച്ചു വരുന്നു.മസ്‌തിഷ്ക സംബന്ധമായ ഒട്ടനേകം തകരാറുകൾക്കും ഈ ഡയറ്റ് പ്രയോജനകരമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

വിഭ്രാന്തി,ഭാവവൈകല്യങ്ങൾ, ഭക്ഷണരീതി (Psychosis, Mood, and Diet)

മസ്സാച്ചുസെട് സിലെ ബെൽമോൻഡിലുള്ള ഹാർവാർഡ് മക് ക്ലീൻ ഹോസ്പിറ്റലിലെ മനോരോഗവിദഗ് ദനായ ഡോ . ക്രിസ് പാമെർ തന്റെ കീറ്റോ ഡയറ്റ് അനുഭവം വിവരിച്ചപ്പോൾ സദസ്സ് ശ്വാസം അടക്കിപ്പിടിച്ചാണ് കേട്ടിരുന്നത്.

schizophrenia എന്നത് ശരിയായ വിഭ്രാന്തിയാണെങ്കിൽ schizo affective disorder (SAD ) എന്ന രോഗമുള്ളവരിൽ മതിഭ്രമത്തിനു പുറമെ സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന ഭാവങ്ങളും ഉണ്ടാവും. വിഭ്രാന്തി (Psychosis ) യിൽ അകാരണമായ ഭയങ്ങളും സാങ്കല്പികമായ കേൾവികളും കാഴ്ചകളും നിയന്ത്രണവിധേയമല്ലാത്ത ചിന്തകളും മിഥ്യാരൂപങ്ങളുമാണ് പ്രധാന ലക്ഷണങ്ങളെങ്കിൽ SAD യിൽ നിരാശ, അമിതാവേശം,അസ്വസ്ഥത,കോപം,ആത്മഹത്യാപ്രവണതതുടങ്ങിയ ലക്ഷണങ്ങളാണ് മുഴച്ചു നിൽക്കുന്നത് .

15 വർഷത്തെ മനോരോഗചികിത്സയിലുള്ള എൻ്റെ അനുഭവം കൊണ്ട് എനിക്ക് പറയാൻ സാധിക്കും, SAD ബാധിച്ച ഒരാളുടെ കൂടെ ജീവിക്കുന്നവർക്കും ചികിൽസിക്കുന്നവർക്കുമെല്ലാം അതൊരു വെല്ലുവിളി തന്നെയാണ്.ഏറ്റവും ശക്തമായ മരുന്നുകൾക്കുപോലും ശരിയായ ശമനം നല്കാൻ സാധിക്കാത്ത അവസ്ഥയാണ്.മാത്രമല്ല,ഈ മരുന്നുകളെല്ലാം ഗുരുതരമായ പാർശ്വഫലങ്ങളുള്ളവയുമാണ്.

ഡോ . പാമെർ അവതരിപ്പിച്ച രണ്ടു കേസുകളുടെ ചുരുക്കവിവരം താഴെ കൊടുക്കുന്നു. വിശദവിവരങ്ങൾ schizophrenic reseach എന്ന ജേർണലിലുണ്ട്.

കേസ് 1 – ഒരു സ്ത്രീ രോഗമുക്തയാകുന്നു

എട്ടു വര്ഷം മുമ്പ് SAD പിടിപെട്ട ഒരു സ്‌ത്രീയുടെ കാര്യമാണ് ഒന്നാമത്തേത്.ഗുരുതരമായ പാർശ്വഫലങ്ങൾക്കു കുപ്രസിദ്ധി നേടിയ Clozapine അടക്കം 12 ഓളം മരുന്നുകൾ അവരിൽ പരീക്ഷിച്ചിരുന്നു. 23 പ്രാവശ്യം ഷോക് (electroconvulsive therapy) കൊടുത്തിരുന്നു. പക്ഷെ എല്ലാ രോഗ ലക്ഷണങ്ങളും ഗുരുതരമായി തന്നെ തുടർന്നു .

ശരീരഭാരം കുറക്കാൻ വേണ്ടിയാണ് അവർ കീറ്റോ ഡയറ്റ് പരീക്ഷിച്ചത്. അത്ഭുതമെന്നു പറയട്ടെ, നാലാഴ്ച കഴിഞ്ഞപ്പോൾ അവരുടെ ഭാരം 5 കിലോ കുറഞ്ഞുവെന്നതിനു പുറമെ അവരെ പ്രയാസപ്പെടുത്തിയിരുന്ന മതിഭ്രമങ്ങളും (delusions) അപ്രത്യക്ഷമായി. നാല് മാസം കഴിഞ്ഞപ്പോൾ 15 കിലോ ഭാരം കുറഞ്ഞുവെന്നു മാത്രമല്ല PANSS (Positive and Negative Symptom Scale) 30 (+), 210 (-) എന്നതിൽ നിന്ന് 107 (+), 70 (-) എന്ന നിലയിലേക്ക് പുരോഗമിച്ചു.

കേസ് 2 – ഒരു മനുഷ്യൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു.

14 വർഷം മുൻപ് SAD ബാധിച്ച ഒരു പുരുഷൻ്റെ കഥയാണ് അടുത്തത് . ഇദ്ദേഹവും Clozapine അടക്കം 17 വിവിധ മരുന്നുകൾ പരീക്ഷിച്ചു പരാജയപ്പെട്ട ആളാണ്.150 കിലോ ഭാരമുണ്ടായിരുന്ന ഇദ്ദേഹവും ഭാരം കുറയ്ക്കാനാണ് കീറ്റോ ചെയ്തത്.

മൂന്നാഴ്ചക്കകം അവിശ്വസനീയമായ പുരോഗതിയാണ് അദ്ദേഹത്തിൻ്റെ മിഥ്യാകേൾവിയിലും ഭ്രമങ്ങളിലുമുണ്ടായത്. അതോടൊപ്പം ഭാവനിലയിലും ഊർജ്ജനിലയിലും ഏകാഗ്രതയിലും വൻപിച്ച പുരോഗതിയുണ്ടായി. ഒരു വർഷം കൊണ്ട് 50 കിലോ ഭാരം കുറഞ്ഞു. PANSS 98 (-) എന്നത് 49 (-) ആയി.ജീവിത ഗുണനിലവാരത്തിൽ ഗണ്യമായ മാറ്റങ്ങളുണ്ടായി.തൻ്റെ പിതാവിൻ്റെ വീട്ടിൽ നിന്ന് മാറി സ്വന്തമായി താമസം തുടങ്ങി. ഡേറ്റിംഗ് തുടങ്ങി,കോളേജിൽ ചേർന്ന് പഠിക്കാൻ തുടങ്ങി.

ഏറ്റവും രസകരമായ കാര്യം ഇവർ ഡയറ്റിൽ നിന്ന് പുറത്തു പോകുമ്പോൾ അവരുടെ രോഗലക്ഷണങ്ങൾ വർധിക്കുകയും തിരിച്ചു ഡയറ്റിലേക്ക് വരുമ്പോൾ രോഗം കുറയുകയും ചെയ്യുന്നു എന്നതായിരുന്നു. അതായത് ഈ ഭക്ഷണരീതി മാത്രമായിരുന്നു അവരുടെ രോഗങ്ങൾക്ക് ശമനമുണ്ടാക്കിയത് , മറ്റൊരു കാരണങ്ങളുമല്ല.
ഈ ഫലങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. PANSS ലെ ഡസൻ കണക്കിന് പോയിന്റുകളുടെ പുരോഗതി, ഭാരക്കുറവ്, ജീവിത ഗുണനിലവാരത്തിലുള്ള വർദ്ധനവ് ഇവയെല്ലാം.

ഇത്തരം നേട്ടങ്ങളുണ്ടാക്കുന്ന ഒരു മനോരോഗ മരുന്നുകളും നിലവിലില്ല എന്നതാണ് യാഥാർഥ്യം. മനോരോഗലക്ഷണങ്ങളിൽ കുറവുണ്ടാക്കുന്ന കുറെ മരുന്നുകൾ ഉണ്ടെങ്കിലും അവയെല്ലാം ജീവിത ഗുണനിലവാരത്തെയും ശരീരഭാരത്തെയും ഒക്കെ മോശമായ രീതിയിലാണ് ബാധിക്കുന്നത്.

മനോരോഗമരുന്നുകൾ എല്ലാം തന്നെ രക്തത്തിൽ ഇൻസുലിൻ വർധിപ്പിക്കുകയും അതുവഴി ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാക്കുകയും ചെയ്യുന്നു. അതുകാരണം ക്രമേണ രോഗികൾക്ക് ടൈപ്പ് 2 പ്രമേഹം, അമിതഭാരം, ഹൃദ്രോഗം, അൽഷിമേഴ്‌സ് എന്നിവയുണ്ടാകുന്നു. അതെ സമയം കീറ്റോജനിക് , രക്തത്തിലെ ഇൻസുലിൻ കുറക്കുകയും ഇൻസുലിൻ റെസിസ്റ്റൻസ് ഇല്ലാതാക്കുകയും മേൽപറഞ്ഞ രോഗങ്ങളെ സുഖപ്പെടുത്തുകയും ചെയ്യുന്നു.

എന്താണ് കീറ്റോജിനിക് ഡയറ്റ്?

അന്നജങ്ങൾ അങ്ങേയറ്റം കുറഞ്ഞ ഭക്ഷണരീതിയാണിത്. ഒരുദിവസം 20 ഗ്രാമിൽ കുറഞ്ഞ അന്നജങ്ങൾ മാത്രം. മറ്റു ഡയറ്റുകളെ അപേക്ഷിച്ചു കൊഴുപ്പു കൂടിയതാണിത്. ഇതുവഴി രക്തത്തിലെ ഇൻസുലിൻ കുറയും.ശരീരത്തിലെ കൊഴുപ്പു കത്തിച്ചു ഊർജ്ജമുണ്ടാക്കുന്ന ഈ രീതിയിൽ ഗ്ലുക്കോസിനെ ഊർജ്ജത്തിനായി ആശ്രയിക്കുന്നില്ല. കൊഴുപ്പു വിഘടിച്ചു കീറ്റോണുകൾ ഉണ്ടാവുന്നു. ഇവയെ മസ്തിഷ്ക കോശങ്ങൾക്ക് ഗ്ലുക്കോസിനെക്കാൾ നല്ലനിലയിൽ ഉപയോഗിക്കാൻ കഴിയുന്നു. ഇത് കാരണം ശരീരത്തിലും തലച്ചോറിലും നീർക്കെട്ടും ഓക്സികരണവും കുറയുന്നു.

മസ്തിഷ്ക കോശങ്ങളെ എങ്ങനെയാണു കീറ്റോ ഡയറ്റ് സുഖപ്പെടുത്തുന്നത് എന്നത് സംബന്ധിച്ച് ഒരുപാടു സിദ്ധാന്തങ്ങളുണ്ട്. bipolar disorder and ketogenic diets എന്ന ലേഖനത്തിൽ ചിലതെല്ലാം ഞാൻ കൊടുത്തിട്ടുണ്ട്. ഞാൻ ഈ ഡയറ്റിനെ കുറിച്ച് പഠിച്ചിട്ടുണ്ട്, എഴുതിയിട്ടുണ്ട്, കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ സ്വയം ഈ ഡയറ്റ് ചെയ്യുകയും എൻ്റെ രോഗികൾക്ക് നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. മരുന്നുകൾക്ക് പകരമായോ മരുന്നുകളുടെ കൂടെയോ.

ISNPR conference ൽ അൽഷിമേഴ്സിന് എങ്ങനെയാണു ഈ ഡയറ്റ് പ്രയോജനപ്പെടുന്നത് എന്ന് സംബന്ധിച്ച ഒരു പോസ്റ്റർ ഞാൻ കൊടുത്തിട്ടുണ്ട്.
Psychology Today എന്ന മാസികയിൽ മാനസിക രോഗങ്ങൾക്ക് കീറ്റോ ഡയറ്റ് എന്ന ലേഖനം ഞാൻ എഴുതിയിട്ടുണ്ട്. bipolar disorder, autism, schizophrenia എന്നീ രോഗങ്ങൾക്ക് കീറ്റോ ഡയറ്റ് എങ്ങിനെ പ്രയോജനപ്പെടുന്നു എന്ന് കേസ് സ്റ്റഡികൾ അടക്കം ഞാൻ അതിൽ വിശദീകരിച്ചിട്ടുണ്ട്. 63 വർഷം ഭ്രാന്തിനു ചികിൽസിച്ചിരുന്ന ഒരു സ്ത്രീക്ക് രോഗം സുഖപ്പെട്ട കാര്യം അതിൽ കൊടുത്തിട്ടുണ്ട്.

പ്രസിദ്ധീകരിക്കപ്പെട്ട ഇത്തരം കേസുകൾ കുറവാണെങ്കിലും അവയിലെല്ലാം വളരെ പ്രതീക്ഷ നൽകുന്ന അറിവുകളാണുള്ളത്. ജീവിതം അപകടത്തിലാക്കുന്ന ഈ രോഗങ്ങളിൽ നിന്നും ആരോഗ്യം നശിപ്പിക്കുന്ന അതിന്റെ മരുന്നുകളിൽ നിന്നും അതൊരു മോചനം തന്നെയായിരിക്കും.

മരുന്നുകൾക്കപ്പുറം.

ബഹുഭൂരിപക്ഷം ആളുകൾക്കും മരുന്നുകൾക്കപ്പുറം ഈ രോഗങ്ങൾക്ക് ചികിത്സയില്ല എന്ന ധാരണയാണുള്ളത്. എന്നാൽ ഭക്ഷണരീതികൾ മാറ്റിക്കഴിഞ്ഞാൽ ഈ രോഗങ്ങൾക്ക് പൂർണ ശമനമുണ്ടാകുമെന്ന അറിവ് ജനങ്ങളിലേക്ക്, പ്രത്യേകിച്ച് മനോരോഗചികിത്സ നേടുന്നവരിലേക്കു എത്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്.മുകളിൽ വിവരിച്ച അത്ഭുതകരമായ മാറ്റങ്ങളെക്കുറിച്ചു അവരോടു പറഞ്ഞു കൊടുക്കുക.

നിങ്ങൾക്ക് തന്നെ ഇനിഎന്തെങ്കിലും മാനസിക പ്രശ്നങ്ങളോ ഭാവവൈകൃതങ്ങളോ അനുഭവപ്പെട്ടാൽ നിങ്ങൾ ഈ ഡയറ്റിനെ കുറിച്ച് കൂടുതൽ പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക. മരുന്നുകൾക്ക് ചികിത്സയിൽ പങ്കുണ്ടെങ്കിലും ഡയറ്റിനാണ് പ്രാധാന്യം. കാരണം തലച്ചോറിലെ രാസപ്രക്രിയകളെ പ്രഥമമായും സ്വാധീനിക്കുന്നത് ഭക്ഷണമാണ്. ശരിയായ ഭക്ഷണത്തിലൂടെ നിങ്ങൾക്ക് മസ്തിഷ്കത്തിലെ രാസപ്രക്രിയ സാധാരണനിലയിലാക്കാൻ കഴിയും. ഒരു പക്ഷെ മരുന്നുകളൊന്നും ഇല്ലാതെ തന്നെ ഈ രോഗങ്ങളിൽ നിന്ന് മുക്തനാകാനും കഴിയും.

ഭക്ഷണരീതിയിലൂടെയുള്ള മനോരോഗചികിത്സ വഴി നിങ്ങളുടെ രോഗങ്ങളെ സുഖപ്പെടുത്താനും മൊത്തം ആരോഗ്യനില മെച്ചപ്പെടുത്താനും ഭാവിജീവിതം ഫലവത്താക്കാനും കഴിയും.

ശ്രദ്ധിക്കുക:- ലോ കാർബ്‌ ഡയറ്റ് വഴി ശരീരത്തിലെ രാസപ്രക്രിയകളിൽ പെട്ടെന്ന് തന്നെ മാറ്റങ്ങളുണ്ടാകും. മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുമായി സംസാരിച്ചു കൃത്യമായി ഈ മാറ്റങ്ങൾ നിരീക്ഷിച്ചു മരുന്നുകൾ കുറച്ചു കൊണ്ട് വരേണ്ടി വരും.


0 Comments

Leave a Reply

Avatar placeholder

Your email address will not be published.